Map Graph

പള്ളുരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രം

മധ്യകേരളത്തിൽ എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിന്റെ ഭാഗമായ പള്ളുരുത്തി ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു മഹാക്ഷേത്രമാണ് ശ്രീ ഭവാനീശ്വരക്ഷേത്രം. ശ്രീനാരായണഗുരു പ്രതിഷ്ഠിച്ച ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, ഭവാനീശ്വരൻ എന്നറിയപ്പെടുന്ന പരമശിവനാണ്. കൂടാതെ ഉപദേവതകളായി പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, അത്ഭുതയക്ഷി എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കേരളത്തിലെ സാമൂഹികനവോത്ഥാനത്തിന്റെ ഭാഗമായി ശ്രീനാരായണഗുരു നടത്തിയ ശ്രമങ്ങളിലൊന്നാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. 1916 മാർച്ച് 8-നാണ് ഗുരുദേവൻ ഇവിടെ പ്രതിഷ്ഠ നടത്തിയത്. മഹാത്മാഗാന്ധി ഇവിടെ ദർശനം നടത്തിയിട്ടുണ്ട്. നിലവിൽ പള്ളുരുത്തിയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണിത്. കുംഭമാസത്തിലെ ഭരണിനാളിൽ കൊടികയറി നടക്കുന്ന എട്ടുദിവസത്തെ കൊടിയേറ്റുത്സവം, അതേ മാസത്തിൽ വരുന്ന ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, കന്നിമാസത്തിലെ നവരാത്രി, വൃശ്ചികമാസത്തിലെ തൃക്കാർത്തിക, ചിങ്ങമാസത്തിലെ ശ്രീനാരായണഗുരു ജയന്തി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി, മകരമാസത്തിലെ തൈപ്പൂയം, തുലാമാസത്തിലെ സ്കന്ദഷഷ്ഠി, വൃശ്ചികമാസത്തിലെ മണ്ഡലവിളക്ക്, മേടമാസത്തിലെ വിഷു എന്നിവയും അതിവിശേഷമാണ്. പള്ളുരുത്തിയ്ക്ക് ചുറ്റുമുള്ള 13 ദേശങ്ങളിലെ ഈഴവരുടെ നേതൃത്വത്തിലുള്ള ശ്രീധർമ്മപരിപാലനയോഗം എന്ന സ്ഥാപനത്തിനാണ് ക്ഷേത്രഭരണം.

Read article